Category: Uncategorized

സങ്കല്‍പിക്കുന്നതും കല്‍പിക്കുന്നതും

secular-conference-london-poster2-604x270

ഭാരതം എന്റെ രാജ്യമാണ്. ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിഹിക്കുന്നു. എല്ലാ ഭാരതീയരും എന്റെ സഹേദരി സഹോദരന്‍മാരാണ്…………. ഹാ എത്ര മനോഹരമായ പ്രതിജ്ഞ. ദേശാഭിമാനം തുടിക്കുന്നു. മനുഷ്യസ്‌നേഹം നിറഞ്ഞു തുളുമ്പുന്നു. വിദ്യാഭ്യാസം പ്രാഥമിക പടവുകള്‍ പിന്നിടുമ്പോഴെക്കും ദേശീയ ബോധം ഉള്ളിലുറപ്പിക്കാനുളള പരിശീലനം പ്രതിജ്ഞ ചൊല്ലലായി ആവര്‍ത്തിക്കുകയാണ്. വളരെ നല്ല ലക്ഷ്യം.
ഭാരതീയനായ ഞാന്‍ തമിഴ്‌നാട്ടിലെത്തി. തമിഴറിയില്ല. പരസ്പരം സംസാരിക്കാനാവുന്നില്ല. കന്നടയിലെത്തി. ഭാഷ വശമില്ല. അന്യവത്കരണം അനുഭവിച്ചു തുടങ്ങുന്നു. ആന്ധ്രയിലെത്തി. തെലുങ്ക് മനസിലാവുന്നില്ല. അപരിചിതരുടെ മുമ്പില്‍ മിഴിച്ചു നില്‍ക്കുന്നു. ഹിന്ദിയറിയാതെ വടക്കെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഭാരതീയന്‍ എന്ന മുദ്ര മനസില്‍വെച്ച് സാഹോദര്യത്തിന്റെ അര്‍ത്ഥം അനുഭവിക്കാന്‍ കഴിയാതെ നടക്കുന്നു. ഭാഷയുടെ പേരിലുളള ചേരിപ്പോര് എത്ര കാലമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ തുടരുന്നു. പോംവഴിയുണ്ടോ? ഉണ്ടല്ലൊ, തീര്‍ച്ചയായും
വിദ്യാഭ്യാസം ആരംഭിക്കുമ്പോള്‍ തന്നെ ഓരോ ഭാരതീയനും എല്ലാ ഭാഷയിലെയും ലിപികള്‍ പഠിച്ചുതുടങ്ങണം. ഇന്ത്യയിലേതല്ലാത്ത ഇംഗ്ലീഷ് പഠിക്കാനും പറയാനും എഴുതാനുമുളള സാമര്‍ത്ഥ്യം നമുക്കുണ്ടെങ്കില്‍ മറ്റ് ഭാഷകളെന്തുകൊണ്ട് പഠിച്ചു കൂടാ? ദേശീയോദ്ഗ്രഥനത്തിന്റെ ആശയം പൂര്‍ണമാകണമെങ്കില്‍ ദേശഭാഷകളുടെ സംസ്‌കാരം ഉള്‍ക്കൊള്ളാന്‍ കഴിയണം. ഇത്തിരിവട്ടത്തിലെ പഠനവും പരീക്ഷയും മാര്‍ക്കും പണവും ചേര്‍ത്ത് വ്യക്തിയുടെ വിജയം ഉറപ്പിക്കാമെന്നു കരുതുന്നവര്‍ക്ക് ഈ ആശയം സ്വീകാര്യമാക്കാന്‍ സാധ്യതയില്ല പക്ഷെ വിശാലമായ അര്‍ത്ഥത്തില്‍ ചിന്തിക്കുന്നവര്‍ക്ക് ഭാരതം എന്റെ രാജ്യമാണെന്നും ലോകം എന്റെ തറവാടാണെന്നും പറയുന്നത് കാവ്യഭാഷ മാത്രമല്ല. നിത്യജീവിതത്തിലെ സത്യമായി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ദര്‍ശനമാണ്.
ഭാരതം എതോ രാജ്യത്തിന്റെ പേരാകട്ടെ; എനിക്ക് എന്റെ മതവും ജാതിയും വിശ്വാസവുമാണ് വലുതെന്ന് ശഠിക്കുന്നവരുടെ ശക്തി കേന്ദ്രം കൂടിയാണ് നമ്മുടെ നാട്. സങ്കുചിത വിചാരങ്ങളില്‍ നിന്ന് സ്വാതന്ത്ര്യം പ്രാപിക്കാന്‍ എന്താണ് വഴിയെന്നാലോചിക്കേണ്ട? ജ്ഞാനത്തിന്റെ വഴിയേതെന്ന് ബോധ്യപ്പെടാന്‍ സന്ദര്‍ഭം വേണ്ടേ? അല്‍പം ഭാഷയും അല്‍പം കണക്കും അല്‍പം ശാസ്ത്രവും പഠിപ്പിച്ചു ജിജ്ഞാസ കെടുത്തി പണം നേടാനായയ്ക്കുന്ന വിദ്യാര്‍ത്ഥികളുടെ മനസ് ദുഷ്പ്രവണതകളുടെ വിഹാര കേന്ദ്രമാവുകയാണ്.
എന്തുകൊണ്ട് എല്ലാ മതബോധനവും സാര്‍വത്രികമാക്കിക്കൂടാ? കുറഞ്ഞ പക്ഷം ഉന്നത വിദ്യാഭ്യാസ രംഗത്തെങ്കിലും സ്വതന്ത്രമായ മതതത്വവിശകലനങ്ങള്‍ സാധ്യമാകുന്നില്ല? പരസ്പരം പകയില്ലാത്ത മനുഷ്യരുടെ ആവാസസ്ഥലമായി സ്വന്തം നാടു പരിവര്‍ത്തനം ചെയ്യുന്ന ഭാഗ്യം സങ്കല്‍പ്പിച്ചു നോക്കു. അമേരിക്കയിലെ ന്യൂ ജഴ്‌സിയില്‍ സെറ്റന്‍ഹാള്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കപ്പെട്ടത് 1856ല്‍ ആകുന്നു. കത്തോലിക്കാ സര്‍വകലാശാലയായ അവിടെ ഭഗവദ്ഗീത സിലബസിലുള്‍പ്പെടുത്തിയിരിക്കുന്നു. യുദ്ധവീര്യം പ്രഖ്യാപിക്കുന്ന പുസ്തകമല്ല, ഗീത. യുദ്ധങ്ങളുടെ ഫലശൂന്യത വിളംബരം ചെയ്യുന്ന തത്വചിന്താമേഖല വിദ്യാര്‍ത്ഥികള്‍ ചര്‍ച്ചാ വിഷയമാക്കണമെന്നാണ് അധികൃതരുടെ തീരുമാനം. മഹാപ്രവാചകത്വത്തിന്റെ മനുഷ്യസ്‌നേഹം പ്രകാശിക്കുന്ന ഖുര്‍ആന്‍ ദേശീയ പ്രാധാന്യത്തോടെ പഠിപ്പിച്ചാല്‍ എന്താണ് കുഴപ്പം? ത്യാഗജീവിതത്തിന്റെ ഉജ്ജ്വലമാതൃകയായ ക്രിസ്തുദേവന്റെ വിശ്വദര്‍ശനങ്ങള്‍ നാടാകെ സ്വതന്ത്രമായി പഠിപ്പിച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുകയില്ല. പുതിയ ആകാശങ്ങള്‍ ഉദയം ചെയ്യുകയേ ഉള്ളൂ. സ്വീകാര്യമായ ഏത് സന്ദേശവും ദര്‍ശനവും വിഭാഗീയതയില്ലാതെ പഠിക്കാന്‍ അവസരമുണ്ടെങ്കില്‍ മാത്രമെ ദേശീയത പൂര്‍ണമാവുകയുള്ളു. ഇനി മതാതീത ബോധത്തിന്റെ കണ്ടെത്തലുകള്‍ളിലേക്ക് സഞ്ചരിക്കാന്‍ കഴിയുന്നവര്‍ക്ക് അതിനുളള സാധ്യതയും വിദ്യാഭ്യാസമേഖല ഒരുക്കണം. വിദ്യ കുടുസുമുറിയിലെ കുതന്ത്രമല്ല. വിശാലമായ സ്വാതന്ത്ര്യമാണ്
ഒരു കാര്യം ഓര്‍ക്കുക. നിങ്ങള്‍ എന്തു പ്രവര്‍ത്തിച്ചാലും ചിന്തിച്ചാലും ഒളിച്ചുവെച്ചാലും ഒഴിഞ്ഞുമാറിയാലും കിഴക്ക് സൂര്യനുദിക്കുകയും പടിഞ്ഞാറസ്തമിക്കുകയും ചെയ്യും. രണ്ടും നിങ്ങളുടെ ഇന്ദ്രിയനുഭവങ്ങളുടെ നിര്‍ണയം. സൂക്ഷ്മമായ ഊര്‍ജ്ജകേന്ദ്രങ്ങളുടെ ഉറവിടം കണ്ടെത്തുന്ന മഹാവിദ്യയായി വിദ്യാഭ്യാസം മാറുമെങ്കില്‍ മനുഷ്യജീവിതമെന്ന പ്രക്രിയ എത്ര ലളിതവും സുന്ദരവും സുദൃഢബന്ധത്തിലുറച്ചതാകുമെന്നോര്‍ത്ത് നോക്കുക. പിന്നെ മതവിഭാഗീയതയില്ല. അനാചാരമോ അന്ധവിശ്വാസ ചൂഷണമോ ഇല്ല. പ്രതികാര ദാഹമില്ല
കാല്‍പനികമായ സ്വപ്‌നമെന്നാണോ കരുതുന്നത്? എങ്കിലറിയുക. കവി സങ്കല്‍പ്പിക്കുന്നതാണ് കാലം കല്‍പിക്കാന്‍ പോകുന്നത്. ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന അജ്ഞത് മാഞ്ഞുപോകുന്ന ബോധന സമ്പ്രദായം രാജ്യത്ത് നടപ്പായേ മതിയാവൂ! അതിന് മതം തടസമാകരുത്. തെറ്റായ ശാസനകളെ അതിജീവിക്കുന്ന രാഷ്ട്രീയജ്ഞാനം വേണം. അതിന് അടിച്ചമര്‍ത്തലിന്റെയും അടക്കിഭരിക്കലിന്റെയും ഭാഷ അരുത്. യുക്തിഭദ്രമായ വിദ്യയുടെ അഭ്യാസമുറകളെ ആസുരമായതൊന്നും ബാധിക്കരുത്. മാനുഷിക മുഖമുളള രാജ്യമാണ് ലോകത്തിന്റെ ദീപസ്തംഭം. അതേതായാലും……….എവിടെയായാലും … ഏത് കാലത്തായാലും

Advertisement

അകം/പുറം

…പരസ്പരം ബന്ധമില്ലാതെ പ്രവർത്തിക്കുന്ന സർക്കാർ വകുപ്പുകളുടെ ധിക്കാരമനോഭാവം രാജ്യത്തിന്റെ ഖജനാവ് കൊള്ളയടിക്കുന്നതിൽ മത്സരിക്കുകയാണോ? എങ്കിൽ നിങ്ങൾക്ക് മനുഷ്യശരീരത്തിന്റെ പ്രവർത്തന മാതൃക സ്വീകരിക്കാൻ മനസ്സുണ്ടാകണം. ഭക്ഷണം ദഹിപ്പിക്കാൻ ഒരു വകുപ്പ്. ശ്വസിക്കാൻ മറ്റൊരു വകുപ്പ്. രക്തസഞ്ചാരത്തിന് മറ്റൊരു വകുപ്പ്…. അങ്ങനെ ഒരേ സമയം കൃത്യതയോടെ എത്രയെത്ര വ്യത്യസ്ത വിഭാഗങ്ങൾ മനുഷ്യശരീരമെന്ന രാഷ്ട്രത്തിനു വേണ്ടി പണിയെടുക്കുന്നു. ഒന്ന് മറ്റൊന്നിനെ തോൽപ്പിക്കുന്നില്ല. അട്ടിമറിക്കുന്നില്ല. ആക്ഷേപിക്കുന്നില്ല. അപഹരിക്കുന്നില്ല. അപകർഷതാബോധത്തോൽ പഴിചാരുന്നില്ല. കർത്തവ്യബോധത്തോടെ എല്ലാവരും പണിയെടുക്കുന്നു. എല്ലാം നിയന്ത്രിക്കാനും നിർദേശങ്ങൾ നൽകാനും നിരീക്ഷിക്കാനും തലച്ചോർ എന്ന മഹാത്ഭുതകേന്ദ്രം. ഏതെങ്കിലും ഒന്നിന്റെ അത്യാർത്തിയോ അലസതയോ അഹന്തയോ ശരീരത്തെ രോഗഗ്രസ്തമാക്കുന്നു.
നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്തിന്റെ ശരീരം മാരകമായ രോഗങ്ങൾക്ക് കീഴടങ്ങുകയാണ്….

അകം/പുറം chandrika daily

അകം/ പുറം

10917923_926661180685630_768743135418294888_o

ആദ്യം പഠിപ്പിക്കുക . പിന്നെ പരീക്ഷ നടത്തുക. ആരെങ്കിലും പഠിപ്പിച്ചവർക്ക്, പരീക്ഷ നടത്താൻ നിങ്ങൾക്കുള്ള അവകാശം കീഴ്വഴക്കം സമ്മാനിച്ചതു മാത്രമല്ലേ? കലാപഠനത്തിന് ഏതെങ്കിലും ഒരു വിഭാഗമോ ഒരു പുതിയ തസ്തികയോ സൃഷ്ടിക്കാൻ വിദ്യാഭ്യാസ വകുപ്പിന് സന്മനസ്സുണ്ടോ?

കലാമത്സരങ്ങളുടെ മാമാങ്കം അതിഗംഭീരമായി ആഘോഷിക്കുമ്പോൾ വിജയാശംസ നേർന്നു കൊണ്ട് ചില സത്യങ്ങൾ പറയണമല്ലോ. അല്ലെങ്കിൽ കലാഹൃദയം ആവശ്യപ്പെടുന്ന സ്വതന്ത്രസ്പന്ദനം നിലച്ചു പോകുമെന്നു തോന്നുന്നു. സ്വയം മോചിപ്പിക്കപ്പെടാത്തവർ കലാവതരണമോ ആസ്വാദനമോ വിലയിരുത്തലോ സ്വതന്ത്രമാക്കുമെന്നു തോന്നുന്നില്ല ..’

പികെഗോപി

അകം/ പുറം Chandrika Daily

( അകം പുറം )

 

“സന്ദർഭത്തിന്റെ സമ്മർദം മറികടക്കാൻ കഴിയുക എളുപ്പമല്ല.

പക്ഷെ അതൊരു വിശിഷ്ടയോഗ്യതയാണ് .

മാനുഷികമായ പരമോന്നതയോഗ്യത .”
P.k.gopi( അകം പുറം )
Chandrika Daily

അകം I പുറം

 

bug682_1130239a

‘എല്ലാറ്റി ന്റെയും ഭാഗമാവുക , ഒന്നിന്റെയും ഭാഗ മാവാതിരിക്കുക ‘ എന്ന വ്യാസന്റെ വാക്യത്തിനു അർത്ഥ വ്യാപ്തി ഉണ്ടെങ്കിൽ അത് ആലോചനാമൃതമാണ്.

ശർക്കര തിന്നാൻ പോയ ഉറുമ്പുകളുടെ കഥ ബാല്യത്തിൽ വായിച്ചിട്ടുണ്ട്. ഏറെ നേരത്തെ അന്വേഷണത്തിനു ശേഷം കണ്ടെത്തിയ സ്വാദിഷ്ടമായ വിഭവമാണ് ശർക്കര. തിന്ന് മദിച്ച് ശരീരം ചീർത്തു. മടങ്ങി വരാനാവാതെ ശർക്കരയിൽ വീണൊടുങ്ങി. ഉറുമ്പിനും ശർക്കരയ്ക്കും ഒരേ നിറം. എടുത്തവരും കൊടുത്തവരും അറിഞ്ഞതേയില്ല, ഉറുമ്പുകളുടെ ദുരന്തം.
പ്രിയപ്പെട്ട ചെറുപ്പക്കാരാ, പ്രകൃതി ആസ്വദിച്ച് സർഗാത്മകതയുടെ പ്രപഞ്ച ഭാഷയുൾക്കൊണ്ട് തിരിച്ചു വരൂ.
പ്രിയപ്പെട്ട അമ്മമാരെ , കുഞ്ഞുങ്ങളെ കരുതലോടെ സ്നേഹിച്ചു കലകളുടെ വിശിഷ്ട ഭാവങ്ങൾ പകർന്നെടുക്കുക. പ്രകൃതിയുടെ കാലവും നിങ്ങളെ അത്രമാത്രം ആദരിക്കുന്നുണ്ട്. ..

ആവനാഴിയിലെ നാരായങ്ങൾ

 

 images (2)
ആവനാഴിയിലെ നാരായങ്ങൾ 
പികെഗോപി 
 
എഴുതാനച്ഛൻ തന്ന 
നാരായമെടുക്കുമ്പോൾ  
മിഴിനീർക്കുടം പൊട്ടിയൊഴുകും സീതാദുഃഖം 
 
അതിൽ നിന്നൊരുതുള്ളി 
വാർന്നു വീണെഴുത്തോല 
നനയാൻ തുടങ്ങുമ്പോളക്ഷരം പിറക്കുന്നു.
 
ജപിച്ചു ശുദ്ധം ചെയ്ത 
കാഞ്ഞിരത്തില തിന്നു 
വിശപ്പു മാറ്റാനൂഴിയുള്ളിനോടരുളുന്നു.
 
വഴിക്കു മുന്നിൽ കണ്ട 
കാന്താരദുർഗ്ഗത്തിന്റെ –
യകത്തു തേങ്ങുന്നവരെത്രയെന്നറിഞ്ഞീല !
 
കിളിക്കു മാത്രം തൂവൽ 
വിരിച്ചു പറന്നെത്തി –
പ്പഠിച്ചു ചൊല്ലാനാത്മരാമദർശനപ്പാട്ട് . 
 
വിളക്കു കൊളുത്തട്ടെ ,
സന്ധ്യയാവുന്നൂ മുന്നി-
ലിരുട്ടു വ്യാപിക്കും മുമ്പെഴുത്തു തുടങ്ങട്ടെ.
 
കടുത്ത കാറും കോളു –
മിടിച്ചുകുത്തിപ്പെയ്യും 
മഴയ്ക്കു മുന്നിൽ വാക്ക് ദിക്കുകൾ ചുവപ്പിക്കേ 
 
ഉറക്കെച്ചൊല്ലാനെന്റെ 
ജീവിത ‘ച്ചക്കാ’ ട്ടിയ 
ചരിത്രപ്രപഞ്ചത്തെ വണങ്ങുമാത്മായനം. 
 
മുനിഞ്ഞു കത്തും ദീപ –
ധ്യാനത്തിൽ വായിക്കയാ –
ണനന്തജന്മങ്ങളിൽ വിരിഞ്ഞ നാരായണം.
 
കുടിച്ച കടൽക്കയ്പ്പു 
കടഞ്ഞു സ്വരൂപിക്കു –
മൊരിറ്റു ദയാമൃതമാവനാഴിയിൽ കാത്തു 
മനുഷ്യമോക്ഷത്തിന്റെ 
കാവ്യപർവ്വത്തിൽ സ്വയ –
മെഴുത്തായ് , എഴുത്തച്ഛനെന്നിലും  ജ്വലിക്കുന്നു..
———————————————

അമ്മച്ചോറ്

images (1)

കവിത 
പികെഗോപി 
 
അമ്മച്ചോറ് 

 

 
പിന്നെയും കാലത്തിന്റെ 
കർമ്മഭൂപടങ്ങളിൽ 
തങ്കനൂപുരം കെട്ടി സ്വപ്നങ്ങളൂഞ്ഞാലാടും 
 
തിങ്കളും ഞാനും ചേർന്നു 
മണ്‍കുടിൽ മുറ്റങ്ങളിൽ 
മംഗലളാരവം ചേർത്തു പൂവിളിപ്പൊലി പാടും 
 
കണ്ണുനീർ വറ്റിച്ചുപ്പു 
ചേർക്കുന്ന കഞ്ഞിക്കുള്ളി –
ലെന്നുമുണ്ടോണപ്പൊട്ടനിറങ്ങും നിഴൽച്ചിത്രം 
 
സ്നേഹനീതി തൻ തൂശ-
നിലയിൽ വിളമ്പുക 
നാലുവറ്റെങ്കിൽ നാലുവറ്റെന്റെയമ്മക്കൈയാൽ..!! 
———————————–

അലയാഴിയുടെ പ്രവചനങ്ങൾ

 

കവിത 
 
images
പി.കെ.ഗോപി 
 
കനലനക്കം 
ഘനീഭൂതമാകുമീ 
ഹൃദയരോഷം മരിച്ച ജന്മങ്ങളിൽ 
പിറവി കൊള്ളില്ല 
നാരായ സൂര്യന്റെ 
കിരണഭൂപാളരാമായണത്തുടി .
 
വഴിനടത്തം 
മലീമസമാകുമീ 
നഗരഘോഷം തിമിർത്ത തീരങ്ങളിൽ 
ചിറകു നീർത്തില്ല 
സായന്തനക്കിളി 
അരുണശോഭതന്നാകാശശാഖയിൽ 
 
വിഷകണങ്ങൾ 
മഹാമാരി പെയ്യുമീ 
ഹരിതഗർഭത്തിലൊന്നിലും വേരുകൾ 
പിറവിമന്ത്രങ്ങ –
ളുച്ചരിക്കില്ലെന്നു 
നിലവിളിക്കുയിൽ പാടുന്നു പിന്നെയും.
 
നരബലിപ്പത്ര-
മൊപ്പിട്ടുകൈകൊടു –
ത്തുടലിലുന്മാദ  സൗഹൃദാലിംഗനം 
തുടരുവോർ വാഴു –
മന്ധകാരങ്ങളിൽ 
പുലരുകില്ലാത്മശാന്തി പ്രവാചകം!
 
 നരകവാതിലിൽ 
നക്ഷത്രസൂചക –
ത്തിരിയുമായ്‌ ദ്വാരപാലകപ്പൊയ്മുഖം 
മിഴി തുറക്കില്ല-
നന്തസ്വപ്‌നങ്ങൾത –
ന്നനുഭവത്താളതാണ്ഡവജ്ജ്വാലയായ് 
 
ഒരു ദിവസമേ 
ജീവിച്ചതെങ്കിലും 
പ്രണയസാരസ്സമുദ്രത്തിനുള്ളിലെ 
പവിഴവും മുത്തു-
മെത്രയുണ്ടെന്നു നി-
ന്നകവെളിച്ചത്തിലോർമ്മിച്ചെടുക്കുക!
 ————————————————–