ഭാരതം എന്റെ രാജ്യമാണ്. ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിഹിക്കുന്നു. എല്ലാ ഭാരതീയരും എന്റെ സഹേദരി സഹോദരന്‍മാരാണ്…………. ഹാ എത്ര മനോഹരമായ പ്രതിജ്ഞ. ദേശാഭിമാനം തുടിക്കുന്നു. മനുഷ്യസ്‌നേഹം നിറഞ്ഞു തുളുമ്പുന്നു. വിദ്യാഭ്യാസം പ്രാഥമിക പടവുകള്‍ പിന്നിടുമ്പോഴെക്കും ദേശീയ ബോധം ഉള്ളിലുറപ്പിക്കാനുളള പരിശീലനം പ്രതിജ്ഞ ചൊല്ലലായി ആവര്‍ത്തിക്കുകയാണ്. വളരെ നല്ല ലക്ഷ്യം.
ഭാരതീയനായ ഞാന്‍ തമിഴ്‌നാട്ടിലെത്തി. തമിഴറിയില്ല. പരസ്പരം സംസാരിക്കാനാവുന്നില്ല. കന്നടയിലെത്തി. ഭാഷ വശമില്ല. അന്യവത്കരണം അനുഭവിച്ചു തുടങ്ങുന്നു. ആന്ധ്രയിലെത്തി. തെലുങ്ക് മനസിലാവുന്നില്ല. അപരിചിതരുടെ മുമ്പില്‍ മിഴിച്ചു നില്‍ക്കുന്നു. ഹിന്ദിയറിയാതെ വടക്കെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഭാരതീയന്‍ എന്ന മുദ്ര മനസില്‍വെച്ച് സാഹോദര്യത്തിന്റെ അര്‍ത്ഥം അനുഭവിക്കാന്‍ കഴിയാതെ നടക്കുന്നു. ഭാഷയുടെ പേരിലുളള ചേരിപ്പോര് എത്ര കാലമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ തുടരുന്നു. പോംവഴിയുണ്ടോ? ഉണ്ടല്ലൊ, തീര്‍ച്ചയായും
വിദ്യാഭ്യാസം ആരംഭിക്കുമ്പോള്‍ തന്നെ ഓരോ ഭാരതീയനും എല്ലാ ഭാഷയിലെയും ലിപികള്‍ പഠിച്ചുതുടങ്ങണം. ഇന്ത്യയിലേതല്ലാത്ത ഇംഗ്ലീഷ് പഠിക്കാനും പറയാനും എഴുതാനുമുളള സാമര്‍ത്ഥ്യം നമുക്കുണ്ടെങ്കില്‍ മറ്റ് ഭാഷകളെന്തുകൊണ്ട് പഠിച്ചു കൂടാ? ദേശീയോദ്ഗ്രഥനത്തിന്റെ ആശയം പൂര്‍ണമാകണമെങ്കില്‍ ദേശഭാഷകളുടെ സംസ്‌കാരം ഉള്‍ക്കൊള്ളാന്‍ കഴിയണം. ഇത്തിരിവട്ടത്തിലെ പഠനവും പരീക്ഷയും മാര്‍ക്കും പണവും ചേര്‍ത്ത് വ്യക്തിയുടെ വിജയം ഉറപ്പിക്കാമെന്നു കരുതുന്നവര്‍ക്ക് ഈ ആശയം സ്വീകാര്യമാക്കാന്‍ സാധ്യതയില്ല പക്ഷെ വിശാലമായ അര്‍ത്ഥത്തില്‍ ചിന്തിക്കുന്നവര്‍ക്ക് ഭാരതം എന്റെ രാജ്യമാണെന്നും ലോകം എന്റെ തറവാടാണെന്നും പറയുന്നത് കാവ്യഭാഷ മാത്രമല്ല. നിത്യജീവിതത്തിലെ സത്യമായി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ദര്‍ശനമാണ്.
ഭാരതം എതോ രാജ്യത്തിന്റെ പേരാകട്ടെ; എനിക്ക് എന്റെ മതവും ജാതിയും വിശ്വാസവുമാണ് വലുതെന്ന് ശഠിക്കുന്നവരുടെ ശക്തി കേന്ദ്രം കൂടിയാണ് നമ്മുടെ നാട്. സങ്കുചിത വിചാരങ്ങളില്‍ നിന്ന് സ്വാതന്ത്ര്യം പ്രാപിക്കാന്‍ എന്താണ് വഴിയെന്നാലോചിക്കേണ്ട? ജ്ഞാനത്തിന്റെ വഴിയേതെന്ന് ബോധ്യപ്പെടാന്‍ സന്ദര്‍ഭം വേണ്ടേ? അല്‍പം ഭാഷയും അല്‍പം കണക്കും അല്‍പം ശാസ്ത്രവും പഠിപ്പിച്ചു ജിജ്ഞാസ കെടുത്തി പണം നേടാനായയ്ക്കുന്ന വിദ്യാര്‍ത്ഥികളുടെ മനസ് ദുഷ്പ്രവണതകളുടെ വിഹാര കേന്ദ്രമാവുകയാണ്.
എന്തുകൊണ്ട് എല്ലാ മതബോധനവും സാര്‍വത്രികമാക്കിക്കൂടാ? കുറഞ്ഞ പക്ഷം ഉന്നത വിദ്യാഭ്യാസ രംഗത്തെങ്കിലും സ്വതന്ത്രമായ മതതത്വവിശകലനങ്ങള്‍ സാധ്യമാകുന്നില്ല? പരസ്പരം പകയില്ലാത്ത മനുഷ്യരുടെ ആവാസസ്ഥലമായി സ്വന്തം നാടു പരിവര്‍ത്തനം ചെയ്യുന്ന ഭാഗ്യം സങ്കല്‍പ്പിച്ചു നോക്കു. അമേരിക്കയിലെ ന്യൂ ജഴ്‌സിയില്‍ സെറ്റന്‍ഹാള്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കപ്പെട്ടത് 1856ല്‍ ആകുന്നു. കത്തോലിക്കാ സര്‍വകലാശാലയായ അവിടെ ഭഗവദ്ഗീത സിലബസിലുള്‍പ്പെടുത്തിയിരിക്കുന്നു. യുദ്ധവീര്യം പ്രഖ്യാപിക്കുന്ന പുസ്തകമല്ല, ഗീത. യുദ്ധങ്ങളുടെ ഫലശൂന്യത വിളംബരം ചെയ്യുന്ന തത്വചിന്താമേഖല വിദ്യാര്‍ത്ഥികള്‍ ചര്‍ച്ചാ വിഷയമാക്കണമെന്നാണ് അധികൃതരുടെ തീരുമാനം. മഹാപ്രവാചകത്വത്തിന്റെ മനുഷ്യസ്‌നേഹം പ്രകാശിക്കുന്ന ഖുര്‍ആന്‍ ദേശീയ പ്രാധാന്യത്തോടെ പഠിപ്പിച്ചാല്‍ എന്താണ് കുഴപ്പം? ത്യാഗജീവിതത്തിന്റെ ഉജ്ജ്വലമാതൃകയായ ക്രിസ്തുദേവന്റെ വിശ്വദര്‍ശനങ്ങള്‍ നാടാകെ സ്വതന്ത്രമായി പഠിപ്പിച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുകയില്ല. പുതിയ ആകാശങ്ങള്‍ ഉദയം ചെയ്യുകയേ ഉള്ളൂ. സ്വീകാര്യമായ ഏത് സന്ദേശവും ദര്‍ശനവും വിഭാഗീയതയില്ലാതെ പഠിക്കാന്‍ അവസരമുണ്ടെങ്കില്‍ മാത്രമെ ദേശീയത പൂര്‍ണമാവുകയുള്ളു. ഇനി മതാതീത ബോധത്തിന്റെ കണ്ടെത്തലുകള്‍ളിലേക്ക് സഞ്ചരിക്കാന്‍ കഴിയുന്നവര്‍ക്ക് അതിനുളള സാധ്യതയും വിദ്യാഭ്യാസമേഖല ഒരുക്കണം. വിദ്യ കുടുസുമുറിയിലെ കുതന്ത്രമല്ല. വിശാലമായ സ്വാതന്ത്ര്യമാണ്
ഒരു കാര്യം ഓര്‍ക്കുക. നിങ്ങള്‍ എന്തു പ്രവര്‍ത്തിച്ചാലും ചിന്തിച്ചാലും ഒളിച്ചുവെച്ചാലും ഒഴിഞ്ഞുമാറിയാലും കിഴക്ക് സൂര്യനുദിക്കുകയും പടിഞ്ഞാറസ്തമിക്കുകയും ചെയ്യും. രണ്ടും നിങ്ങളുടെ ഇന്ദ്രിയനുഭവങ്ങളുടെ നിര്‍ണയം. സൂക്ഷ്മമായ ഊര്‍ജ്ജകേന്ദ്രങ്ങളുടെ ഉറവിടം കണ്ടെത്തുന്ന മഹാവിദ്യയായി വിദ്യാഭ്യാസം മാറുമെങ്കില്‍ മനുഷ്യജീവിതമെന്ന പ്രക്രിയ എത്ര ലളിതവും സുന്ദരവും സുദൃഢബന്ധത്തിലുറച്ചതാകുമെന്നോര്‍ത്ത് നോക്കുക. പിന്നെ മതവിഭാഗീയതയില്ല. അനാചാരമോ അന്ധവിശ്വാസ ചൂഷണമോ ഇല്ല. പ്രതികാര ദാഹമില്ല
കാല്‍പനികമായ സ്വപ്‌നമെന്നാണോ കരുതുന്നത്? എങ്കിലറിയുക. കവി സങ്കല്‍പ്പിക്കുന്നതാണ് കാലം കല്‍പിക്കാന്‍ പോകുന്നത്. ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന അജ്ഞത് മാഞ്ഞുപോകുന്ന ബോധന സമ്പ്രദായം രാജ്യത്ത് നടപ്പായേ മതിയാവൂ! അതിന് മതം തടസമാകരുത്. തെറ്റായ ശാസനകളെ അതിജീവിക്കുന്ന രാഷ്ട്രീയജ്ഞാനം വേണം. അതിന് അടിച്ചമര്‍ത്തലിന്റെയും അടക്കിഭരിക്കലിന്റെയും ഭാഷ അരുത്. യുക്തിഭദ്രമായ വിദ്യയുടെ അഭ്യാസമുറകളെ ആസുരമായതൊന്നും ബാധിക്കരുത്. മാനുഷിക മുഖമുളള രാജ്യമാണ് ലോകത്തിന്റെ ദീപസ്തംഭം. അതേതായാലും……….എവിടെയായാലും … ഏത് കാലത്തായാലും