ആവനാഴിയിലെ നാരായങ്ങൾ
പികെഗോപി
എഴുതാനച്ഛൻ തന്ന
നാരായമെടുക്കുമ്പോൾ
മിഴിനീർക്കുടം പൊട്ടിയൊഴുകും സീതാദുഃഖം
അതിൽ നിന്നൊരുതുള്ളി
വാർന്നു വീണെഴുത്തോല
നനയാൻ തുടങ്ങുമ്പോളക്ഷരം പിറക്കുന്നു.
ജപിച്ചു ശുദ്ധം ചെയ്ത
കാഞ്ഞിരത്തില തിന്നു
വിശപ്പു മാറ്റാനൂഴിയുള്ളിനോടരുളുന്നു.
വഴിക്കു മുന്നിൽ കണ്ട
കാന്താരദുർഗ്ഗത്തിന്റെ –
യകത്തു തേങ്ങുന്നവരെത്രയെന്നറിഞ്ഞീല !
കിളിക്കു മാത്രം തൂവൽ
വിരിച്ചു പറന്നെത്തി –
പ്പഠിച്ചു ചൊല്ലാനാത്മരാമദർശനപ്പാട്ട് .
വിളക്കു കൊളുത്തട്ടെ ,
സന്ധ്യയാവുന്നൂ മുന്നി-
ലിരുട്ടു വ്യാപിക്കും മുമ്പെഴുത്തു തുടങ്ങട്ടെ.
കടുത്ത കാറും കോളു –
മിടിച്ചുകുത്തിപ്പെയ്യും
മഴയ്ക്കു മുന്നിൽ വാക്ക് ദിക്കുകൾ ചുവപ്പിക്കേ
ഉറക്കെച്ചൊല്ലാനെന്റെ
ജീവിത ‘ച്ചക്കാ’ ട്ടിയ
ചരിത്രപ്രപഞ്ചത്തെ വണങ്ങുമാത്മായനം.
മുനിഞ്ഞു കത്തും ദീപ –
ധ്യാനത്തിൽ വായിക്കയാ –
ണനന്തജന്മങ്ങളിൽ വിരിഞ്ഞ നാരായണം.
കുടിച്ച കടൽക്കയ്പ്പു
കടഞ്ഞു സ്വരൂപിക്കു –
മൊരിറ്റു ദയാമൃതമാവനാഴിയിൽ കാത്തു
മനുഷ്യമോക്ഷത്തിന്റെ
കാവ്യപർവ്വത്തിൽ സ്വയ –
മെഴുത്തായ് , എഴുത്തച്ഛനെന്നിലും ജ്വലിക്കുന്നു..
———————————————
